ഡൽഹി: വയനാട്ടിലെ ദുരന്തമേഖല സന്ദർശിക്കുന്നതിന് തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 'ഭയാനകമായ ദുരന്തം നേരിട്ടറിയാൻ വയനാട് സന്ദർശിക്കുന്നതിന് മോദിക്ക് നന്ദി. ഇതൊരു നല്ല തീരുമാനമാണ്. നാശത്തിന്റെ വ്യാപ്‌തി നേരിട്ട് കാണുമ്പോൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് ഉറപ്പുണ്ട്' -രാഹുൽ ഗാന്ധി 'എക്‌സി'ൽ കുറിച്ചു.
ശനിയാഴ്ചയാണ് മോദി വയനാട് സന്ദർശിക്കുന്നത്. കണ്ണൂരെത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. രാവിലെ 11.20ഓടെയായിരിക്കും പ്രധാനമന്ത്രി കണ്ണൂരിലെത്തുക. തുടർന്ന് വ്യോമസേന വിമാനത്തിൽ വയനാട്ടിലേക്ക് പോകും. ആവശ്യമെങ്കിൽ റോഡുമാർഗം സഞ്ചരിക്കാനുള്ള ബുള്ളറ്റ്പ്രൂഫ് കാറും സജ്ജമാക്കും.
ദുരന്ത ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി മൂന്നു മണിക്കൂർ സന്ദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ബെയ്ലി പാലം വരെ പ്രധാനമന്ത്രി സന്ദർശിക്കും. കൂടാതെ ക്യാമ്പും കലക്ടറേറ്റും സന്ദർശിക്കും.
Rahul Gandhi thanks Modi for coming to Wayanad.